ബിജെപി കേരള ഘടകത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഏറ്റെടുത്തു.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കർ ബിജെപി കേരള ഘടകത്തിന്റെ ചുമതല ഏറ്റെടുത്തു. വിവിധ സംസ്ഥാനങ്ങളിലേക്കായി സംഘടനാ ചുമതലയുള്ള പ്രഭാരിമാരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപിച്ചത്. മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനാണ് കേരളത്തിന്റെ ചുമതല നൽകിയത്. ഡോക്ടർ രാധാമോഹൻ അഗർവാളാണ് കേരളത്തിന്റെ സഹപ്രഭാരി. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹചുമതല നൽകിയിട്ടുണ്ട്.

ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ഝാർഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനാണ് ഹരിയാനയുടെ പ്രഭാരി. മുരളീധർ റാവുവിനാണ് മദ്ധ്യപ്രദേശിന്റെ ചുമതല. പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗൾ പാണ്ഡെക്കും നൽകി. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാർ. ഡോക്ടർ സംബിത് പത്രയ്‌ക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബിജെപിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്‌നാടുമാണ്. കേരളത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവിനെ കേരളത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരു ന്നിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

കോണ്‍ഗ്രസ് തകര്‍ന്ന തെലങ്കാനയില്‍ വരുന്ന തിരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാന്‍ സാധിക്കുമെന്ന് ബി ജെ പി കരുതുന്നു. തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയിലെ അധികാര ഭിന്നതകള്‍ മുതലെടുത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുകയാണ്.

അതേസമയം, 2019-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട 144 മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായതോടെ ബിജെപി നേതൃത്വം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയൊരു ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. സംഘടനയ്ക്കാണ് മുൻഗണനയെന്നും സംഘടനയെ ശക്തിപ്പെടുത്താതെ പാർട്ടി വിജയം ആവർത്തിക്കില്ലെന്നും മന്ത്രിമാരെ ഓർമിപ്പിച്ചതായി വൃത്തങ്ങൾ പറഞ്ഞു.

2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത മത്സരം നേരിടുമെന്ന് കരുതിയിരുന്ന 60 ശതമാനത്തിലധികം സീറ്റുകളിൽ വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞുവെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഇത്തവണ സ്ട്രൈക്ക് റേറ്റ് കൂടുതലാണെന്ന് ബിജെപി നേതൃത്വം കേന്ദ്ര മന്ത്രിമാരെ അറിയിച്ചു. ഈ ദൗത്യത്തിൽ, ദക്ഷിണ, കിഴക്കൻ സംസ്ഥാനങ്ങളിലെ 144 മണ്ഡലങ്ങൾ ബിജെപി കണ്ടെത്തിയിട്ടുണ്ട്.

ഓരോ മണ്ഡലത്തിലും കുറഞ്ഞത് 48 മണിക്കൂറെങ്കിലും ചിലവഴിക്കാൻ കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഈ മണ്ഡലങ്ങൾ അടിക്കടി സന്ദർശിച്ച് എങ്ങനെ വിജയിക്കാമെന്നതിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനും മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര പദ്ധതികൾ എങ്ങനെയാണ് നടപ്പാക്കുന്നതെന്നും, ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് പ്രാദേശിക യൂണിറ്റുകളിൽ നിന്ന് ഫീഡ്‌ബാക്ക് എടുക്കുവാനും നടപ്പാക്കുന്ന പ്രക്രിയയിൽ അവർ നേരിടുന്ന വെല്ലുവിളികൾ മന്ത്രിമാർ കണ്ടെത്തുവാനുമാണ് നിർദേശം.

മന്ത്രിമാരുടെ ഈ ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ, ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ.സന്തോഷ് എന്നിവർ ചൊവ്വാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്ന് മാസത്തെ വിവിധ മണ്ഡലങ്ങളിലെ മന്ത്രിമാരുടെ സന്ദർശനങ്ങളിൽ പാർട്ടിക്ക് ലഭിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ യോഗത്തിൽ ഒരു അവതരണം നടത്തി. സംഘടന ശക്തമാണെങ്കിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താനാകൂവെന്ന് ഷാ യോഗത്തിൽ പറഞ്ഞു. ”സംഘടന ദുർബലമാണെങ്കിൽ ഒരു പാർട്ടിയും നിലനിൽക്കില്ല. അതിനായ് പ്രവർത്തിക്കാൻ മന്ത്രിമാരോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്,” വൃത്തങ്ങൾ പറഞ്ഞു.

മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് 144 മണ്ഡലങ്ങൾ കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ബുധനാഴ്ച മറ്റൊരു റൗണ്ട് യോഗത്തിനായി മോദി തന്റെ മന്ത്രിതല സമിതിയെ വിളിച്ചിട്ടുണ്ട്. ‘പ്രവാസ’യുടെ രണ്ടാം ഘട്ടം ഒക്ടോബറിൽ ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം ഭരണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒക്ടോബർ പകുതിയോടെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും മറ്റൊരു യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാർ തങ്ങളുടെ യാത്ര അവസാനിപ്പിച്ച് ഓഗസ്റ്റ് 31ന് മുമ്പ് റിപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിലർക്ക് ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ സെപ്റ്റംബറിൽ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് നദ്ദ പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ്.ജയശങ്കർ പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, സ്മൃതി ഇറാനി, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അനുരാഗ് താക്കൂർ എന്നിവർ പാർട്ടിയെ താഴേത്തട്ടിൽനിന്ന് ശക്തിപ്പെടുത്തുന്നതിനായി മണ്ഡലങ്ങൾ ഏൽപ്പിച്ച മന്ത്രിമാരിൽ ഉൾപ്പെടുന്നു. പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാൻ കഴിയാത്ത 144 മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവയെ വ്യത്യസ്ത ക്ലസ്റ്ററുകളായി വിഭജിച്ച് മന്ത്രിമാർക്ക് ഓരോ ക്ലസ്റ്ററിന്റെ ചുമതല നൽകി. ഈ സീറ്റുകളിലെ പാർട്ടിയുടെ ബലങ്ങൾ, ബലഹീനതകൾ, അവസരങ്ങൾ, ഭീഷണികൾ എന്നിവ വിശകലനം ചെയ്യുകയും അവിടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കണ്ടെത്തുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള 73,000 ബൂത്തുകളിൽ പ്രവർത്തിക്കാൻ മൂന്നംഗ പാനലിനെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്. ഇവയിൽ ചിലതിൽ കൂടുതൽ പിടിമുറുക്കാനും ഇതുവരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മറ്റു ചിലതിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ഈ ബൂത്തുകളിലെ സമിതിയുടെ സന്ദർശനം ഏറെക്കുറെ പൂർത്തിയായി. ഈ മാസം അവസാനം നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് 2016 ൽ തന്നെ ബിജെപി 115 മണ്ഡലങ്ങൾ തിരഞ്ഞെടുത്തിരുന്നു. ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലെ ആ മണ്ഡലങ്ങളിൽ പാർട്ടി കഠിനമായി പ്രവർത്തിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഡീഷ, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നില മെച്ചപ്പെടുത്തി. ഒഡീഷയിൽ എട്ട് സീറ്റുകൾ നേടിയ പാർട്ടി പശ്ചിമ ബംഗാളിൽ നിന്ന് 18 സീറ്റുകൾ നേടി. പതിനാറാം ലോക്‌സഭയിൽ ഒഡീഷയിൽ നിന്നുള്ള 21 സീറ്റുകളിൽ ഒന്നും, പശ്ചിമ ബംഗാളിൽ നിന്നുള്ള 42 സീറ്റുകളിൽ രണ്ടും മാത്രമാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. തെലങ്കാനയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് നാലായി ഉയർന്നു.