നടന്‍ നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍നിന്ന്; വഴിത്തിരിവ്

കൊച്ചി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്ലെന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്ലെന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെന്‍ വ്യക്തമാക്കിയിരുന്നു.

സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നസ്ലെന്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നു നസ്ലെന്‍ വിഡിയോയില്‍ വ്യക്തമാക്കി. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്ലെന്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് താൻ അല്ലെന്ന് വ്യക്തമാക്കി നടൻ നസ്ലിൻ ​ഗഫൂർ രംഗത്ത്. ഇതിന്റെ പേരിൽ സൈബർ ആക്രമണം രൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണവുമായി താരം രം​ഗത്തെത്തിയത്. ഫേയ്സ്ബുക്കിൽ തന്‍റെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ താരം പറയുന്നു. സംഭവത്തിൽ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും താരം പറഞ്ഞു.

വിവരം സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് ആയി അയ‌ച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്റെ പേരില്‍ ഏതോ ഒരാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു. അതിന്റെ പേരില്‍ ചില പ്രശ്‌നങ്ങള്‍ തനിക്കുണ്ടായി.  ഇത് ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ് ഒരുപാട് പേര്‍ വിശ്വസിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല അതിന്റെ സത്യാവസ്ഥ എന്നും കാക്കനാട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിഡിയോയിൽ താരം പറയുന്നു.

ഫേയ്സ്ബുക്കിൽ തനിക്ക് അക്കൗണ്ട് ഇല്ല. തന്റെ പേരിൽ ഒരു പേജാണ് ഫേയ്സ്ബുക്കിൽ ഉള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും താരം പറഞ്ഞു. മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തിൽ ദുഃഖമുണ്ടെന്നും താരം പറഞ്ഞു. എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് എവിടെ നിന്നോ ആരോ ഒരാള്‍ എന്തോ പറയുന്നതിന് പഴി കേള്‍ക്കേണ്ടി വരുന്നത് വേദനയുള്ള കാര്യമാണെന്നും നസ്ലിൻ പറഞ്ഞു. ‘നിന്റെ സിനിമ ഇനി കാണില്ല’, ‘നിന്റെ സിനിമ കാണുന്നത് നിര്‍ത്തി എന്നൊക്കെയുള്ള മെസേജുകളാണ് വരുന്നത്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും താരം പറഞ്ഞു. തനിക്കെതിരെ യൂട്യൂബിൽ വിഡീയോ ഇട്ട ആൾക്കെതിരെയും പൊലീസിൽ പരാതി നൽകിയതിന്റെ റെസീപ്റ്റും താരം പങ്കുവച്ചു.