മന്ത്രിമാര്‍ക്ക് നാല് കാറുകള്‍ കൂടി; വാഹനങ്ങള്‍ മാറ്റാന്‍ പഴയ മോഡല്‍ ചട്ടം

തിരുവനന്തപുരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും മന്ത്രിമാര്‍ക്കായി പുത്തന്‍ വാനങ്ങള്‍ വാങ്ങേണ്ടി വരുന്നത് ടൂറിസം വകുപ്പിലെ കാലഹരണപ്പെട്ട നിബന്ധനകള്‍ മൂലം. ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ട അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി കളുടെ ഉപയോഗത്തിന് നല്‍കരുതെന്ന ടൂറിസം വുപ്പിന്റെ ചട്ടം നില നില്‍ക്കുന്നതാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിലേക്ക് നയിക്കുന്നത്.

എന്നാല്‍ ഈ ചട്ടം കാലങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്നതാണ്. ആധുനിക വാഹനങ്ങളുടെ കാലത്ത് ചട്ടം പരിഷ്‌കരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറായിട്ടില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുമ്പോഴും ചട്ടം പരിഷ്‌കരിക്കാതെ പുതിയ വാഹനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും. മന്ത്രിവാഹനങ്ങളും മാറി ഉപയോഗിക്കുവാനുള്ള കാറുകളും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്.

അഞ്ചു ലക്ഷം കിലോമീറ്റര്‍ പിന്നിട്ട വാഹനങ്ങള്‍ ഒരു പ്രശ്‌നവും ഇല്ലാതെ നിരത്തില്‍ ഓടുന്നുണ്ട്. എന്നിട്ടും കാലപ്പഴക്കത്തിന്റെ പേരില്‍ മന്ത്രിമാര്‍ക്കായി തുടര്‍ച്ചയായി പുതിയ വാഹനങ്ങള്‍ വാങ്ങുകയാണ്. അതേസമയം വാഹനത്തിന്റെ പ്രവര്‍ത്തന ക്ഷമതയും സുരക്ഷയും പരിശോധിച്ച ശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതം. മന്ത്രിമാരായ ജിആര്‍ അനില്‍, വിഎന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, ചീഫ് വി്പ് ഡോ എന്‍ ജയരാജ് എന്നിവര്‍ക്കായി പിതിയ വാഹനങ്ങള്‍ വാങ്ങുകയാണ്.

ഇതില്‍ മന്ത്രിവാഹനങ്ങള്‍ 2018ല്‍ മുതല്‍ ഉപയോഗിക്കുന്നതും രണ്ട് ലക്ഷം കിലോമീറ്റര്‍ പിന്നിട്ടതുമാണ്. ഇതിനോപ്പം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങും. ഇതിനായി 1.3 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇത് മൂന്നാം തവണയാണ് പുതിയ വാഹനം വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കല്‍ ഉത്തരവ് ഇറക്കിയപ്പോഴാണ് മന്ത്രിമാര്‍ക്കായി ഇളവ് നല്‍കിയത്.