ഇടത് യോഗത്തിൽ മന്ത്രിമാരെ വിമർശിച്ച് ഗണേഷ്‌കുമാർ; പിന്തുണയുമായി സിപിഐ

തിരുവനന്തപുരം. മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേഷ്‌കുമാർ എംഎൽഎ. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാത്തതിന്റെ പേരിലായിരുന്നു ഇടതുമുന്നണി എംഎൽഎമാരുടെ യോഗത്തിൽ ഗണേഷ്‌കുമാറിന്റെ വിമർശനം. എംഎൽഎമാർക്ക്‌ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷി അംഗങ്ങളുടെ മണ്ഡലത്തിൽ നാലോ അഞ്ചോ പദ്ധതികളെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഗണേഷിന്റെ വാദങ്ങളെ സിപിഐ എംഎൽഎമാർ ഉൾപ്പെടെ കൈയടിച്ച് പിന്തുണച്ചു. സിപിഎം എംഎൽഎ പിവി ശ്രീനിജനും ഗണേഷ് കുമാറിനെ പിന്തുണച്ചു. ഓരോ മന്ത്രിമാരെയും പേരെടുത്തു വിമർശിച്ച് ഗണേഷ്‌കുമാർ കത്തിക്കയറിയപ്പോൾ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായ മുൻമന്ത്രി ടിപി രാമകൃഷ്ണൻ തടഞ്ഞു. ഇതൊന്നും പറയേണ്ട വേദി ഇതല്ലെന്ന്‌ രാമകൃഷ്ണൻ പറഞ്ഞപ്പോൾ ഇവിടെയല്ലാതെ എവിടെ പറയുമെന്ന്‌ ഗണേഷ്‌കുമാർ തിരിച്ചുചോദിച്ചു.

പറയാനുള്ളത് പറയുമെന്നും ഗണേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച നടന്ന യോഗം. ചർച്ചയ്ക്കൊടുവിൽ ഫെബ്രുവരി ഒന്നിന്‌ വീണ്ടും യോഗം ചേരാനും അതിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും ധാരണയായി. പിന്നീട് സിപിഎം പാർലമെന്ററി പാർട്ടി എക്‌സിക്യുട്ടീവ് യോഗം ഗണേഷ്‌കുമാർ ഉന്നയിച്ച വിമർശനം ഗൗരവമാണെന്നു വിലയിരുത്തി. കിഫ്ബി പദ്ധതികൾക്ക് ഉൾപ്പെടെ വേഗമില്ലെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ പരാതി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുള്ളതുപോലെ പദ്ധതികൾ വാരിക്കോരിനൽകുന്ന രീതി രണ്ടാം സർക്കാരിലില്ലെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ്‌കുമാറിന്റെ വിമർശനം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാൻപറ്റുന്നില്ല. പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ നിർമാണമോ നിർവഹണമോ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.