ആണ്‍സുഹൃത്തിനെ വിടണമെന്ന് ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലീസിനെ കൈയേറ്റം ചെയ്തു

കോട്ടയം. പോലീസിനു നേരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം. ആണ്‍സുഹൃത്തിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ടയായിരുന്നു പെണ്‍കുട്ടി പോലീസിനെ ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. തൃക്കോടിത്താനം എസ്എച്ച്ഒ ജി അനൂപിനു നേരെയും സിപിഒ ശെല്‍വരാജിന് നേരെയുമായിരുന്നു കൈയേറ്റം.

ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടാകുന്നത്. ഗോശാലപ്പറമ്പില്‍ വിഷ്ണുവാണ് പോലീസ് പിടിയിലായത്. ബാറില്‍ അക്രമം നടത്തിയതിന് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. യുവാവിന്റെ വീട്ടില്‍ സംശയാസ്പദമായി പെണ്‍കുട്ടിയെ കണ്ടതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസ് വിഷുവിനെ അറസ്റ്റ് ചെയ്തു.

വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ ജീപ്പില്‍ നിന്നും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അതിക്രമം കാട്ടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സിപിഒ ജീപ്പിന്റെ സൈഡില്‍ നില്‍ക്കുമ്പോള്‍ പെണ്‍കുട്ടി ഡോര്‍ അടയ്ക്കുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഒയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.