മൃഗങ്ങളോടുള്ള ക്രൂരത അവസാനിക്കുന്നില്ല; ചാത്തന്നൂരിൽ ആടിന് നേരെ ആസിഡ് ആക്രമണം

ചാത്തന്നൂരിൽ ആടിന് നേരെ ആസിഡ് ആക്രമണം. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചെത്തിയവർ ആടിന്റെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിക്കുകയായിരുന്നു. കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന് ഇരു കണ്ണുകളുടേയും കാഴ്ച ശക്തി നഷ്ടമായി. ദേഹത്ത് നിന്ന് തൊലി അടർന്നുവീഴുന്ന അവസ്ഥയിലായിരുന്നു. കല്ലുവാതുക്കലിൽ അദ്ധ്യാപികയായ സുജയുടെ ആടിന് നേരെയാണ് ആക്രമണം. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

ചാത്തന്നൂർ ബിആർസിയിൽ ഭിന്നശേഷി വിദ്യാർത്ഥികളെ കരകൗശല വിദ്യകൾ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ. കഴിഞ്ഞ ദിവസം കൊല്ലത്തെ ബന്ധുവീട്ടിൽ പോയി തിരികെ എത്തിയപ്പോഴാണ് ആടിനോടുള്ള ക്രൂരത ശ്രദ്ധയിൽപ്പെടുന്നത്. മൃഗാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിയുന്നത്. സംഭവത്തിൽ പാരിപ്പള്ളി പോലീസ് കേസെടുത്തു. ബന്ധുക്കൾ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു.