സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം ശിവശങ്കറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതെങ്കിലും ഉപാധികളോടെ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളൂ. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച കോടതി ഉപാധി വെച്ചു.

ചോദ്യം ചെയ്യലിനോട് താന്‍ സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ നിരന്തരമായ ചോദ്യം ചെയ്യല്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ശക്തമായ നടുവേദന ഉള്ളതിനാല്‍ രണ്ടരമണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യംചെയ്യലിനിടെ ഫോണ്‍ ചെയ്യാന്‍ പോകുന്നത് ഒഴിവാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു.

തന്നെ ചികിത്സ തീരും മുന്‍പ് ഡിസ്ച്ചാര്‍ജ് ചെയ്തതാണെന്നും അതിനാല്‍ വൈദ്യസഹായം ലഭ്യമാക്കണമെന്നും ശിവശങ്കര്‍ കോടതിയോട് അപേക്ഷിച്ചു. ആവശ്യം പരിഗണിച്ച കോടതി ചോദ്യം ചെയ്യല്‍ തടസ്സപ്പെടാത്ത വിധം ആയുര്‍വേദ ചികിത്സ ആകാമെന്ന് വ്യക്തമാക്കി. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുമതിയും നല്‍കി.

അതേസമയം ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നാണ് എന്‍ഫോഴ്‌സമെന്റിന്റെ നിലപാട്.