അഭിഭാഷകനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവിന്റെ വീട് തകർത്ത് യോഗി സർക്കാർ

ലക്‌നൗ. ഗുണ്ടാനേതാവിന്റെ ബന്ധുവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തരപ്രദേശ് സർക്കാർ. പട്ടാപ്പകൽ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അുത്ത ബന്ധുവിന്റെ വീടാണ് തകർത്തത്. പ്രയാഗ്രാജിൽ അഭിഭാഷകനായ ഉമേഷ് പാലിനെയാണ് ആതിക് അഹമ്മദും സംഘവും കൊലപ്പെടുത്തിയത്.

അഞ്ച് പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. കൊലക്കേസിലെ പ്രതിയായ ആതിക് പിന്നീട് സമാജ് വാദി നേതാവായി. ഇയാളുടെ ബന്ധുവായ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന സഫർ അഹമ്മദിന്റെ വീടാണ് തകർത്തത്. ആതിക്കിന്റെ മകനും ഭാര്യയും വീട് തകർക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നു.

വീട്ടിൽ പോലീസ് പരിശോധന നടത്തുകയും വലിയ ആയുധ ശേഖരം പിടിച്ചെടുക്കുകയും ചെയ്തു. 2005 ൽ ബിഎസ്പി എം എൽ എ ആയിരുന്ന രാജു പാൽ കൊല്ലപ്പെട്ട കേസിൽ ഉമേഷ് പാൽ സാക്ഷിയായിരുന്നു. രാജു പാലിന്റെ കൊലപാതകത്തിൽ ആതിക് അഹമ്മദ് കുറ്റാരോപിതനാണ്.