ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ; 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുമാറാൻ ധനവകുപ്പിന്റെ അനുമതി വേണം

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറിനിയന്ത്രണം ഏർപ്പെടുത്തി സര്‍ക്കാര്‍. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുമാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ഈ നിയന്ത്രണം തുടരും.

നേരത്തേ 25 ലക്ഷം രൂപയ്ക്കുമുകളിലുള്ള ബില്ലുകള്‍ മാറണമെങ്കിലേ ധനവകുപ്പിന്റെ അനുവാദം വേണ്ടിയിരുന്നുള്ളൂ. പ്രതിസന്ധി തുടര്‍ന്നാല്‍ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്കു നീങ്ങാനുള്ള സാധ്യതയുണ്ട്. അടുത്തമാസമേ ഇതു സംബന്ധിച്ചു തീരുമാനമെടുക്കൂ. കടമെടുപ്പുപരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സാമ്പത്തികസ്ഥിതി മോശമാവും.

ഈ സാമ്പത്തികവര്‍ഷം കടമെടുക്കാനുള്ള പരിധികുറച്ച് കഴിഞ്ഞമാസവും കേന്ദ്രം നോട്ടീസയച്ചിരുന്നു. കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസര്‍ക്കാര്‍. കെഎസ്ഇബിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ വകയില്‍ 4060 കോടി രൂപ കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള ബില്ലുകളും കേന്ദ്രത്തിനു നല്‍കിയിട്ടുണ്ടെന്ന് ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.