മുഖ്യനും ​ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ ക്യാമ്പസുകൾ, വിമർസനവുമായി കെ.എസ്.യു ബാനറുകളും

ജനാധിപത്യം തൊട്ടുതീണ്ടാത്ത മുഖ്യനും കാവി പുതച്ച ​ഗവർണറും നാടിന് ആപത്ത് എന്ന കാലടി ശ്രീശങ്കര കോളേജിൽ ഉയർത്തിയ ബാനറിനു പിന്നാലെ കൊച്ചി കുസാറ്റിലും കെ എസ് യൂ ബാനർ ചർച്ചയാകുന്നു. മുഖ്യനും ​ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകൾ എന്നെഴുതിയ ബാനറാണ് കെ.എസ്.യു കൊച്ചി കുസാറ്റ് കാമ്പസിലുയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവർക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, നേരത്തെ തന്നെ ​ഗവർണർക്കെതിരേ എസ്.എഫ്.ഐ ബാനർ ഉയർത്തിയിരുന്നു. നമുക്ക് വേണ്ടത് ചാൻസലറെയാണ് സവർക്കറെയല്ല എന്നായിരുന്നു എസ്എഫ്ഐയുടെ ബാനർ.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നവകേരള സദസിന്റെ ഭാ​ഗമായി പ്രതിഷേധവുമായി എത്തുന്ന കെ.എസ്.യു പ്രവർത്തകർക്കെതിരേ വലിയ രീതിയിലുള്ള അക്രമമായിരുന്നു മുഖ്യമന്ത്രിയുടെ അം​ഗരക്ഷകരും പോലീസും പാർട്ടിപ്രവർത്തകരുമടക്കം അഴിച്ചുവിട്ടത്. ഇതിനെതിരേയുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരായി കൂടി ഉയർന്നിരിക്കുന്ന ബാനർ.