സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി, ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത് 292 പേർക്ക്, ആക്ടീവ് കേസുകളുടെ എണ്ണത്തിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. വീണ്ടും കോവിഡ് കേസുകൾ റി​പ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും. 292 പേർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 2,041 ആയി. അതിൽ സിംഹഭാ​ഗവും കേരളത്തിലാണ് എന്നത് ആശങ്ക പരത്തുന്നു.

നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന്​ യോഗം നിർദേശിച്ചു. ഉത്സവ സീസണായതിനാൽ നഗരത്തിലെത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം, മുതിർന്നവരും കുട്ടികളും ആൾക്കൂട്ടത്തിനിടയിൽ പോകുന്നത് ഒഴിവാക്കണം, കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ ജില്ലകളിലും പരിശോധനകൾ കൂട്ടണം, അടിക്കടി പനി ബാധിക്കുന്നവർ ശ്രദ്ധിക്കണം, സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണം, ആർടിപിസിആർ/ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

ഡിസംബറിലെ തണുത്ത അന്തരീ​ക്ഷവും കാലാവസ്ഥയിലെ മാറ്റങ്ങളുമാണ് പെട്ടെന്ന് പനി കേസുകൾ വർദ്ധിക്കാൻ കാരണം. ​രോ​ഗവാഹകരായ കീടാണുക്കൾക്ക് അന്തരീക്ഷത്തിൽ കൂടുതൽ സമയം തങ്ങി നിൽക്കാൻ സാധിക്കുന്നു. 60 കഴിഞ്ഞവരും ​ഗുരുതര രോ​ഗം ബാ​ധിച്ചവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ സ്ഥിരീകരിച്ച JN- ഉപവകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസുകലെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലാണ്. എന്നാൽ മരണകാരിയല്ല. കൃത്യമായ പരിശോധനയും ജാ​ഗ്രതയുമാണ് അനിവാര്യം.

ആശുപത്രികളിൽ ഐസൊലേഷന്‍ വാര്‍ഡുകള്‍, മുറികള്‍, ഓക്‌സിജന്‍ കിടക്ക, ഐ.സി.യു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇക്കാര്യം ഉറപ്പുവരുത്താൻ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കയും 2454 ഐ.സി.യു കിടക്കയും വെന്റിലേറ്റര്‍ സൗകര്യമുള്ള 937 ഐ.സി.യു കിടക്കയുമുണ്ട്.