ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവര്‍ണര്‍, അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധം

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയില്‍ നടക്കുന്ന അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിയുന്നതായി രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ശിശുക്ഷേമ സമിതിയിലെ അഴിമതികളും കെടുകാര്യസ്ഥതയും സംബന്ധിച്ച് രാജ്ഭവന് നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

പരാതികൾ ഗവർണർ അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഇതിന്‍മേല്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതും സ്ഥാനം ഒഴിയുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു.

സ്ഥാനം ഒഴിയുന്നതായി കാട്ടി ഗവര്‍ണര്‍ ഏതാനംദിവസം മുമ്പുതന്നെ സര്‍ക്കാരിന് രേഖാമൂലം കത്തുനല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കത്തുനല്‍കിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. ശിശുക്ഷേമ സമിതിയുടെ വെബ്‌സൈറ്റിലടക്കം ഇപ്പോഴും ഗവര്‍ണറുടെ ചിത്രവുമുണ്ട്. ഇത് നീക്കം ചെയ്യാത്തതിലുള്ള അതൃപ്തിയും രാജ്ഭവനുണ്ട്.