‘താജ്മഹല്‍ നിര്‍മിക്കാന്‍ ഷാജഹാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടില്ല’, കെട്ടിട നവീകരണ നടപടിക്രമങ്ങളില്‍ വിചിത്ര മറുപടിയുമായി ബി.ജെ.പി മന്ത്രി

പനാജി: താജ്മഹല്‍ നിര്‍മിക്കാന്‍ ഷാജഹാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടില്ലെന്ന് ഗോവ കലാ-സാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ. സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പിക്കാരനായ മന്ത്രി വിചിത്ര വാദം ഉന്നയിച്ചത്. ചോദ്യോത്തര വേളയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്‌.പി) എം.എല്‍.എ വിജയ് സര്‍ദേശായി, സംസ്ഥാന തലസ്ഥാനത്തെ കലാ അക്കാദമി കെട്ടിടം നവീകരിക്കാന്‍ 49 കോടി രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ അനുവദിച്ചപ്പോള്‍ കലാ-സാംസ്കാരിക വകുപ്പ് നടപടിക്രമങ്ങള്‍ മറികടന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

“താജ്മഹല്‍ എക്കാലവും നിലനില്‍ക്കുന്നതും മനോഹരവുമാണ്, കാരണം ഷാജഹാന്‍ അത് ആഗ്രയില്‍ നിര്‍മിക്കാന്‍ ക്വട്ടേഷന്‍ ചോദിച്ചില്ല. എന്റെ ബഹുമാന്യനായ സഹപ്രവര്‍ത്തകന്‍ തീര്‍ച്ചയായും ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചിരിക്കണം. അതിന്റെ നിര്‍മാണം 1632ല്‍ ആരംഭിച്ച്‌ പൂര്‍ത്തിയായത് 1653ലാണ്. എന്നാല്‍ ഇന്നും അത് മനോഹരവും ശാശ്വതവുമായി കാണപ്പെടുന്നു. താജ്മഹല്‍ പണിയുമ്ബോള്‍ ഷാജഹാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചില്ല, 390 വര്‍ഷമായി അത് അതേപടി തുടരുന്നു” എന്നിങ്ങനെയായിരുന്നു ഗോവിന്ദ് ഗൗഡെയുടെ മറുപടി.

കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങള്‍ ലംഘിച്ച്‌ ടെക്‌ടണ്‍ ബില്‍ഡ്‌കോണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നവീകരണ പ്രവൃത്തി നല്‍കിയെന്ന് സര്‍ദേശായി ആരോപിച്ചിരുന്നു.