മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം; ഭാര്യയ്‌ക്ക് സർക്കാർ ജോലി; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൂനൂർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രദീപിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. അച്ഛന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ നൽകും. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്‌ക്ക് ജോലി നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അപകടത്തിൽ മരിച്ച മറ്റ് സൈനിക ഉദ്യോഗസ്ഥർക്ക് അതാത് സംസ്ഥാന സർക്കാരുകൾ വലിയ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂനിയർ വാറന്റ് ഓഫീസറായിരുന്ന പ്രദീപിന് കേരളം ധനസഹായം പ്രഖ്യാപിക്കാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

മദ്ധ്യപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാറിന് ഒരുകോടി രൂപ ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാൻ സ്വദേശി സ്‌ക്വാഡ്രർ ലീഡർ കുൽദീപ് സിംഗിന് ഒരു കോടി രൂപ അശോക് ഗെഹ്‌ലോട്ടും പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ പൃഥ്വി സിംഗിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും യോഗി സർക്കാരും, ആന്ധ്രാ സ്വദേശി ലാൻസ് നായിക് ബി.സായി തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മക്കളുടെ പഠന ചെലവുകളും സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരിൽ മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നാണ് പ്രദീപ് മരിച്ചത്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ സേവനം നടത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങൾക്കും വേണ്ടി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമായിരുന്നു അപകടം.