ജീവനക്കാരെ തള്ളി പിണറായി സർക്കാർ, ‘കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ യാതൊരു ഉത്തരവാദിത്തമില്ല’

കൊച്ചി . കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ യാതൊരു ഉത്തരവാദിത്തമില്ലെന്ന് സര്‍ക്കാര്‍. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനില്ലെന്ന്, സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം.

കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കാന്‍ പരിഷ്‌ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസി. കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സർക്കാരിനില്ല – ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നു.

ഇതിനിടെ, ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച് ജോലിക്കെത്തിയ വനിതാ കണ്ടക്ടര്‍ക്ക് എതിരെ കെഎസ്ആര്‍ടിസി നടപടി സ്വീകരിക്കുകയുണ്ടായി. വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ പാലായിലേക്ക് ആണ് സ്ഥലംമാറ്റിയത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.