കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്ന് ഗോപിക പറയുന്നു. ‘എന്റെ ആള്‍ക്ക് ജന്മദിനാശംസകള്‍. ഈ ഒരാളില്ലാത്ത ജീവിതം നമുക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം എങ്ങനെയാണ് അയാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് ഞാന്‍ എപ്പോഴും ആശ്ചര്യപ്പെടുന്നു. കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ എത്രമാത്രം വീണുപോയി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. ജന്മദിനാശംസകള്‍ ചേട്ടാ. ശരിക്കും നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നാണ് ഗോപിക കുറിച്ചത്

ഒരുമിച്ചെടുത്ത പത്തോളം സെല്‍ഫി ചിത്രങ്ങളും ഗോപിക പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്. ‘കരയിപ്പിക്കുമോ’ എന്ന് ചോദിച്ചാണ് ജിപി കമന്റ് ബോക്‌സില്‍ എത്തിയത്. ‘ഇറുക്കി കെട്ടിപ്പിടിച്ച് ഐ ലവ് യു’ എന്നും ജിപി പറഞ്ഞിട്ടുണ്ട്. ചുംബിക്കുന്ന ഇമോജിയുമായി ഗോപികയും എത്തി. അളിയന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഗോപികയുടെ സഹോദരി കീര്‍ത്തനയും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

ആരാധകരേറെയുള്ള താരങ്ങളാണ് നടി ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. മിനിസ്‌ക്രീനിലെ അഞ്ജലിയായി ഹൃദയം കീഴടക്കിയ താരമാണ് ഗോപിക. അവതാരകനായും നടനായും ശ്രദ്ധേയനാണ് ജിപി. അടുത്തിടെയാണ് താരങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒന്നായത്. വളരെ സര്‍പ്രൈസായിട്ടാണ് ഇരുവരും വിവാഹ വാര്‍ത്ത പങ്കിട്ടത്.