ചിന്തയുടെ പ്രബന്ധത്തിൽ വീഴ്ചയില്ല; സംഭവിച്ചത് നോട്ടപ്പിശക്, ന്യായീകരിച്ച് മുൻ പി.വി.സിയുടെ വിശദീകരണം

തിരുവനന്തപുരം : ഒന്നിന് പിന്നാലെ മറ്റൊന്നായി യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താജെറോം വിവാദങ്ങളിൽ കുടുങ്ങുകയാണ്. ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടിയും മണ്ടത്തരങ്ങളും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ചിന്താജെറോമിന്റെ ഗവേഷണ പ്രബന്ധം താൻ പൂർണമായി പരിശോധിച്ച് ബോദ്ധ്യപ്പെട്ടതാണെന്നും വീഴ്ചകൾ ഒന്നുമില്ലെന്നും ഗൈഡ് കൂടിയായ മുൻ പി.വി.സി ഡോ.പി.പി.അജയകുമാർ കേരള വാഴ്സിറ്റി വി.സിക്ക് വിശദീകരണം നൽകിയിരിക്കുകയാണ്.

ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളെ വെറും നോട്ടപ്പിശക് മാത്രമായി കാട്ടി ചിന്തയെ വെള്ളപൂശാനുള്ള ശ്രമാണ് നടക്കുന്നതെന്ന് പകൽ പോലെ വ്യക്തം. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തിൽ സമർത്ഥിച്ചതും ഓൺലൈൻ മാദ്ധ്യമത്തിലെ ലേഖനം കോപ്പിയടിച്ചതും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതി നൽകിയിരുന്നു.

വിശദീകരണത്തിൽ പറയുന്നതിങ്ങനെ, ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് മാറിപ്പോയത് നോട്ടപ്പിശകാണെന്നും ഈ പിശക് തിരുത്തി പ്രബന്ധം അച്ചടിച്ച് പ്രസിദ്ധീകരിക്കുമെന്ന് ചിന്ത അറിയിച്ചതായും ഗൈഡ് മറുപടിയിൽ വിശദീകരിച്ചു. പ്രബന്ധം പല ലേഖനങ്ങളിൽ നിന്ന് കോപ്പിയടിച്ചതാണെന്നും യു.ജി.സിയുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തത് പിൻവലിക്കണമെന്നുമുള്ള പരാതിയിൽ ഗവർണറും വി.സിയോട് വിശദീകരണം തേടിയിരുന്നു.

എന്നാൽ പ്രബന്ധത്തിന് മറ്റ് പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത പത്ത് ശതമാനത്തിൽ താഴെയാണ്. യു.ജി.സി ചട്ടപ്രകാരം കോപ്പിയടി പരിശോധന നടത്തിയിട്ടുണ്ട്. പ്രബന്ധത്തിലുള്ളത് പൂർണമായും ഗവേഷകയുടെ കണ്ടെത്തലുകളാനിന്നാണ് വിശദീകരണം. അതേസമയം മറ്റ് ലേഖനങ്ങളിലെ വാചകഘടന മാറ്റിയും അനാവശ്യമായി ചിഹ്നങ്ങൾ ചേർത്തും കോപ്പിയടിയുടെ ശതമാനം കുറച്ചതാണെന്നും വിദഗ്ദ്ധസമിതിയെക്കൊണ്ട് പ്രബന്ധം പരിശോധിപ്പിക്കണമെന്നും കേരള വാഴ്സിറ്റി വി.സിയോട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്.