കോഴിക്കോട് ഐസിയുവിലെ പീഡനം, ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നീക്കം റദ്ദാക്കി

കോഴിക്കോട്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പീഡിപ്പിച്ച കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുക്കാനുള്ള നീക്കം റദ്ദാക്കി. ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കേസില്‍ പ്രതിയ്ക്കായി യുവതിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇവര്‍ ശ്രമിച്ചുവെന്നാണ് പരാതി.

അതേസമയം ആശുപത്രിയില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് പറഞ്ഞാണ് കേസില്‍ ഉള്‍പ്പെട്ടവരെ തിരിച്ചെടുക്കാന്‍ നീക്കം നടത്തിയത്. അതേസമയം ആരോഗ്യവകുപ്പ് അറിയാതെയാണ് ഈ നീക്കം നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ യുവതി പരാതി നല്‍കിയിരുന്നു.

അറ്റന്‍ഡര്‍ ശശീന്ദ്രനാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു സംഭവം. കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിതാ അറ്റന്റര്‍മാര്‍ അതിജീവിതയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് തിരിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജ് നീക്കം നടത്തിയത്.