ഈ രണ്ട് പ്രതിഭകളുടെ കൂടെ ഇങ്ങിനെയൊരു സിനിമ എന്റെ സ്വപ്നത്തിന്റെ ഏഴയലത്തില്ലായിരുന്നു- ഹരീഷ് പേരടി

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ മികച്ച സിനിമയായി തിരഞ്ഞെടുത്തത് മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. പ്രിയദർശൻ മോഹൻലാല്‌‍ കൂട്ടുകെട്ടിലാണ് സിനിമ പുറത്തെത്തുന്നത്. നിരവധിപ്പേർ ഇവർക്ക് ആശംസകളുമായെത്തി. ഇപ്പോഴിതാ നടൻ ഹരീഷ് പേരടിയും ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ്. മരക്കാറിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷവും ഹരീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.മരക്കാറിൽ ഹരീഷ് മങ്ങാത്തച്ചൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 13നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ

‘ഒരു പ്രീഡിഗ്രിക്കാരൻ 1984ൽ കോഴിക്കോട് അപ്‌സര തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപയുടെ ടിക്കറ്റിലിരുന്ന് പൂച്ചക്കൊരുമുക്കുത്തി കണ്ട് ആർത്ത് ചിരിക്കുമ്പോൾ ഈ രണ്ട് പ്രതിഭകളുടെ കൂടെ ഇങ്ങിനെയൊരു സിനിമ എന്റെ സ്വപ്നത്തിന്റെ ഏഴയലത്തില്ലായിരുന്നു…പക്ഷെ ഈ രണ്ടു പേരുടെയും സ്വപ്നം ദേശീയ പുരസ്‌ക്കാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ഞാനും അതിന്റെ ഭാഗമാണെന്നത് സ്വപ്നവും യാഥാർത്ഥ്യവുമായ എന്റെ നാടക വഴിയുടെ പുണ്യമാവുന്നു…ലാൽസാർ…പ്രിയൻസാർ…അഭിനന്ദനങ്ങൾ’

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു.