ബാഗില്‍ കത്തിയുമായി കുഞ്ഞിനെ കാണാനെത്തി, ഹഷിതയുടെ ദേഹമാസകലം വെട്ടി, ആസിഫിന് വേണ്ടി തെരച്ചില്‍

തൃശൂര്‍: തൃശൂരില്‍ 25കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് കുഞ്ഞിനെ കാണാനെത്തിയപ്പോള്‍. കാട്ടൂര്‍ സ്വദേശി ഹഷിതയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഭര്‍ത്താവ് ആസിഫിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹഷിത ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. ഹഷിതയുടെ പിതാവ് നൂറുദ്ദീന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഹഷിത പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് 20 ദിവസം മാത്രമേ ആയിരുന്നുള്ളു. കുഞ്ഞിനെ കാണാനെത്തിയ ആസിഫ് ഹഷിതയുമായി വഴക്കിട്ടു. തുടര്‍ന്നാണ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. തടയാനെത്തിയ നൂറുദ്ദീനും വെട്ടേറ്റു.

മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് ആസിഫ് നമ്ബിക്കടവിലെ വീട്ടില്‍ എത്തിയത്. ബന്ധുക്കള്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ ഹഷിതയെ ആക്രമിച്ചത്. ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച്‌ ആസിഫ് ഹഷിതയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എല്ലാവരും ഓടിയെത്തിപ്പോഴേക്കും ആസിഫ് ഓടി രക്ഷപ്പെട്ടിരുന്നു.ശരീരമാസകലം വെട്ടേറ്റ ഹഷിതയുടെ ഇടതുകൈ വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.