എല്ല് പൊടിയുന്ന രോഗം, 8 വയസിനുള്ളിൽ 16 ശസ്ത്രക്രിയകൾ, എല്ലാം അതിജീവിച്ച് ഹസൻ സ്കൂളിലേക്ക്

എൻഡോസൾഫാൻ‌ ബാധിതനായി എല്ല് പൊടിയുന്ന രോഗം ബാധിച്ച് ജീവിതത്തോട് പൊരുതുകയാണ് എട്ടു വയസുകാരൻ ഹസൻ. എട്ടു വയസ്സിനിടെ 16 ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടും തളരാതെ ജീവിതത്തെ നേരിടുകയാണ് ആ കുഞ്ഞ്. ഇപ്പോഴിതാ വിദ്യാഭാസം നേടുന്നതിനായി സ്കൂളിലേക്ക് പോകാൻ ഒരുങ്ങുകയാണ്.ഒന്നിനു പിറകെ ഒന്നായുള്ള ശസ്ത്രക്രിയകൾ കാരണം ഇതുവരെ സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല.

കാസർഗോഡ് വിദ്യാനഗർ ചെട്ടുംകുഴിയിൽ താമസിക്കുന്ന സീതി– മൈമൂന ദമ്പതികളുടെ മകനാണ് ഹസൻ. കോവിഡ് കാലത്ത് വീട്ടിലിരുന്ന് കുടുംബത്തിന്റെ സഹായത്തോടെ ഒന്ന് രണ്ട് ക്ലാസുകളിലെ പാഠങ്ങൾ പഠിച്ചിരുന്നു.ബി‌ആർസി ട്രെയിനി വീട്ടിലെത്തി പഠിപ്പിക്കുകയും ചെയ്തു.ഹസൻ എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹസന്റെ മൂത്ത സഹോദരി അലീമത്ത് ഷംനയും എല്ല് പൊടിയുന്ന രോഗവുമായി ജീവിതത്തോട് പൊരുതുന്ന മിടുക്കിയാണ്.

നിരന്തര പരിശ്രമത്തിന്റെ ഫലമായി ഷംന കാസർകോട് ഗവ. കോളജിൽ ഇപ്പോൾ രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. നൃത്ത രംഗത്തും തിളങ്ങുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരങ്ങളിലും ഷംന സജീവമാണ്.