അഭയകിരണം; പദ്ധതിക്ക് 1.42 ലക്ഷം രൂപയുടെ ഭരണാനുമതി കൂടി നല്‍കി

സംസ്ഥാന സര്‍ക്കാരിന്റെ അഭയകിരണം പദ്ധതിക്ക് 1.42 ലക്ഷം രൂപയുടെ ഭരണാനുമതി കൂടി നല്‍കി. നേരത്തെ ധനസഹായം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ നാല് ഗുണഭോക്താക്കള്‍ക്കും ആലപ്പുഴ ജില്ലയിലെ 26 ഗുണഭോക്താക്കള്‍ക്കുമായാണ് ഈ തുക അനുവദിച്ചത്. ഇതോടെ അഭയകിരണം പദ്ധതിയുടെ 930 ഗുണ ഭോക്താക്കള്‍ക്കായി ഈ വര്‍ഷം 1.42 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്.

സമൂഹത്തില്‍ അശരണരായി കഴിയുന്ന ആരും സംരക്ഷിക്കാനില്ലാതെ, അഭയസ്ഥാനമില്ലാതെ ജീവിക്കുന്ന വിധവകള്‍ക്ക് അഭയവും ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണം. ഈ പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നല്‍കുന്നത്. നിലവിലെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 202021 വര്‍ഷം ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കള്‍ക്കായി അടുത്തിടെ 99 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കിയിരുന്നു.