കൊവിഡ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കൊവിഡിൻറെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നേരത്തെയുള്ള ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇടക്കാലത്തിന് ശേഷം കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണ്.

ദിനംപ്രതി കൊവിഡ് അവലോകനം നടത്തുന്നുണ്ടെന്നും ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ലെന്നും അവർ വിശദീകരിച്ചു. കൊവിഡ് ആശുപത്രികളിൽ കിടക്കകൾ മാറ്റി വയ്ക്കാൻ നിർദ്ദേശം നല്കിയെന്ന് വിവരിച്ച മന്ത്രി എല്ലാവരും മൂന്നാം ഡോസ് വാക്സീൻ എടുക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ മൂവായിരം കടന്നിരുന്നു. എറണാകുളം ജില്ലയിലാണ് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്.

.