ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ല; തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരും

ന്യൂനമര്‍ദം ദുര്‍ബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത കുറയുന്നു. സംസ്ഥാനത്ത് ഞായറാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യുനമര്‍ദം ദുര്‍ബലമായതോടെ അറബികടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ മഴമേഘങ്ങള്‍ കരയിലേക്ക് എത്താന്‍ സാധ്യതയില്ല. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നുണ്ട്. കോട്ടയം ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഓടോ ഡ്രൈവറായ ഷാലറ്റി(29)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ച കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ചോലത്തടം കൂട്ടിക്കല്‍ വിലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ടിന്റെ ഭാര്യയും മക്കളും ഉള്‍പെടെ ആറ് പേരാണ് ഉരുള്‍പൊട്ടലില്‍ കാണാതായതെന്നാണ് ശനിയാഴ്ച പുറത്തുവന്ന വിവരം. മാര്‍ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ഥികളാണ്. ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തിരച്ചില്‍ തുടരുകയാണ്. കൂട്ടിക്കലില്‍ ആറ് പേരെയും കൊക്കയാറില്‍ എട്ടുപേരെയുമായി രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

നാവിക സേന ഹെലികോപ്റ്ററുകള്‍ കൂട്ടിക്കലിലേക്ക് പോകും. ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.

കൊക്കയാറില്‍ രാവിലെ തന്നെ തിരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. അഗാനി ശമന ജീവനക്കാര്‍, എന്‍ ഡി ആര്‍ എഫ്, റെവന്യു, പൊലീസ് സംഘങ്ങള്‍ ഉണ്ടാകും. തിരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തും.