4 ദിവസം ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് വരുന്ന 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ജൂൺ 3 വരെ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലിലെ കാലവർഷക്കാറ്റിന്റെയും കേരള– കർണാടക മേഖലയിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു കാരണം.

ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴയ്ക്കു സാധ്യത) പ്രഖ്യാപിച്ചു. കാലവർഷം ദിവസങ്ങൾക്കകം കേരളത്തിന്റെ ബാക്കി പ്രദേശങ്ങളിലേക്കും എത്തിയേക്കും. കേരള തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തിൽ കാലവർഷം ഞായറാഴ്ച എത്തിയെന്ന് സ്ഥിരീകരിച്ചിരുന്നു. അന്ന് ആലപ്പുഴയിൽ 5.3 സെന്റീമീറ്റർ, കോട്ടയത്ത് 1.06 സെ.മീ, തിരുവനന്തപുരത്ത് 1.88 സെ.മീ എന്നിങ്ങനെ മഴ ലഭിച്ചു.