കള്ളവോട്ട് ചെയ്യാൻ കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ എതിർക്കുകയും കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരിച്ചുപോയവരുടെ പേരുകൾ, സ്ഥലത്തില്ലാത്തതിനാൽ വോട്ട് ചെയ്യാൻ വരില്ല എന്നുറപ്പിച്ചവർ, ആരാണെന്നു വ്യക്തതയില്ലാത്ത വ്യാജ വോട്ടർമാർ, ഒരേ പേരിൽ രണ്ടു വോട്ട് ഉള്ളവർ എന്നിവരുടെ പട്ടികയാണു യുഡിഎഫ് തയാറാക്കിയത്. ദൂരെയുള്ള വോട്ടർമാരെ ഫോണിൽ വിളിച്ചാണു വരില്ലെന്ന കാര്യം ഉറപ്പാക്കിയത്.

അവസാന ഘട്ടത്തിൽ വ്യാജ വിഡിയോ സൃഷ്ടിച്ച് അതിനു പിന്നാലെ പോകാൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും തിരിച്ചടിച്ചു. ട്രൂ കോളർ മൊബൈൽ ആപ്ലിക്കേഷനിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഇടതു സ്ഥാനാർഥിക്ക് വോട്ടഭ്യർഥിക്കുന്ന സന്ദേശം വോട്ടർമാർക്കു ലഭിക്കുന്നുണ്ട്. എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ ആത്മവിശ്വാസത്തിലാണു യുഡിഎഫ്. പി.ടി.തോമസിനു ലഭിച്ചതിനെക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും – അദ്ദേഹം പറഞ്ഞു.