അറബിക്കടലില്‍ തീവ്രന്യൂനമര്‍ദം, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത നിര്‍ദ്ദേശം

അറബിക്കടലില്‍ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം തീവ്രമായതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെയായിരിക്കും. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 390 കിലോമീറ്റര്‍ ദൂരത്തുമായാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിസ്റ്റം ലക്ഷദ്വീപിലൂടെ കടന്ന് പോകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരുന്നതാണ്. തീവ്രന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക.