അറബിക്കടലില്‍ ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; നാളെമുതല്‍ മഴയുടെ ശക്തി കുറയും

അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. നാളെമുതല്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവില്‍ ന്യൂനമര്‍ദം കൊച്ചി, പൊന്നാനി തീരങ്ങള്‍ക്ക് സമീപമാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഡാമുകള്‍ തുറന്നു.

ഇതിനിടെ അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ദേശീയ ദുരന്ത പ്രതികരണ സേന നിലവില്‍ നല്ല സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ആവശ്യമുള്ളവര്‍ അവരെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ ദുരന്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ നല്ല നിലക്ക് സഹായിച്ചവരാണ്. അവരെയൊക്കെ ഏകോപിതമായി ഉപയോഗിക്കാനാവണം.

ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.