ഇമ്രാൻ മുഹമ്മദിനായി പിരിച്ചെടുത്ത 16.5 കോടി എന്തുചെയ്തു -ഹൈക്കോടതി

കൊച്ചി: അപൂര്‍വരോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇമ്രാന്‍ മുഹമ്മദിനുവേണ്ടി പിരിച്ചെടുത്ത 16.5 കോടിയോളം രൂപ എന്തുചെയ്തെന്ന് ഹൈക്കോടതി. രോഗി മരിച്ചതിനാല്‍ ഈ തുക മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാവില്ലേയെന്നും കോടതി ആരാഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്. അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം തേടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ തുടങ്ങിയ പ്രത്യേക അക്കൗണ്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം നിക്ഷേപിച്ച്‌ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഫണ്ട് കൈമാറ്റം സാധിച്ചിട്ടില്ലെന്ന് കേസ് പരിഗണിക്കവേ സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.

അതേസമയം അക്കൗണ്ടിലേക്കുവന്ന തുക അതേ അക്കൗണ്ടുകളിലേക്ക് തിരികെനല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇമ്രാന്റെ പിതാവ് ആരിഫ് പറഞ്ഞു.