സന്നിധാനത്ത് CPM യൂണിയൻ നേതാവായ ദേവസ്വം ഗാര്‍ഡ് ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി. ശബരിമലയില്‍ തീര്‍ത്ഥാടകരെ സിപിഎമ്മിന്റെ യൂണിയൻ നേതാവായ ദേവസ്വം ഗാര്‍ഡ് ബലമായി പിടിച്ചു തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനും ദേവസ്വം കമ്മീഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി. വിഷയം ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ദര്‍ശനത്തിനായെത്തിയ ഭക്തരോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പൊലീസ് സ്‌പെഷല്‍ കമ്മീഷണറും ദേവസ്വം സ്‌പെഷല്‍ കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറാണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. ഗാര്‍ഡിനെ ചുമതലയില്‍ നിന്നും മാറ്റിയതായാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്.

മകരവിളക്ക് ദിവസമാണ് സംഭവം നടക്കുന്നത്. ദീപാരാധനയ്ക്ക് ശേഷം തൊഴാനെത്തിയ ഭക്തരെയാണ് ഗാര്‍ഡ് അരുണ്‍ ബലമായി ദേഹത്തു പിടിച്ച് തള്ളി മാറ്റുന്നത്. സിപിഎമ്മിന്റെ യൂണിയനായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ നേതാവാണ് അരുൺ കുമാർ. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് അവസരം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.