ബ്രഹ്മപുരത്തെ പുക ; എത്ര നാള്‍ സഹിക്കണമെന്ന് ഹൈക്കോടതി , മാലിന്യപ്ലാന്റിലെ ഇപ്പോഴത്തെ അവസ്ഥ ഓണ്‍ലൈനില്‍ കാണണം

കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക എത്രനാള്‍ സഹിക്കണമെന്ന് ഹൈക്കോടതി. സ്ഥലത്ത് നിരീക്ഷണസമിതിയെ നിയോഗിച്ചു. സമിതിയില്‍ കലക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, പി.സി.ബി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി. തീ അണയ്ക്കാനായെങ്കിലും മാലിന്യക്കൂനയിൽ നിന്ന് പുക ഉയരുന്നത് ഒൻപതാം ദിവസവും തുടരുകയാണ്.

അതേസമയം ആറ് മേഖലകളിലെ തീയണച്ചെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. ഖരമാലിന്യ സംസ്കരണത്തില്‍ കര്‍മപദ്ധതി സമ‍ര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുകമൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു.

മാല്യന്യസംസ്കരണത്തിലെ പുരോഗതി വിലയിരുത്താന്‍ ഹൈക്കോടതി സമിതികളെ അയക്കും. തീ പൂര്‍ണമായും അണച്ചെന്ന് കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചപ്പോള്‍ ബ്രഹ്മപുരത്തെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്നും കോടതി ആവശ്യപ്പെട്ടു.