സ്വപ്ന സുരേഷ് പറയുന്നത് അവിശ്വസിക്കേണ്ടതില്ല, വിജേഷ് പിള്ള പറയുന്നത് വിശ്വാസ യോഗ്യമല്ല.

കൊച്ചി . സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെന്നു സ്വപ്ന സുരേഷ് പറയുന്നത് അവിശ്വസിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണ വിധേയനായ വിജേഷ് പിള്ളയുടെ വിശദീകരണം വിശ്വാസയോഗ്യമല്ല. സതീശന്‍ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിജേഷ് പിള്ള പറയുന്ന വിശദീകരണം വിശ്വാസ യോഗ്യമല്ല. ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോവുമോ? സാമാന്യ യുക്തിയുള്ള ആരും അതു വിശ്വസിക്കില്ല. ബംഗളുരുവില്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് പോയി വെബ് സീരിസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമാണിതെന്നു സതീശന്‍ പരിഹസിച്ചു.

നേരത്തെയും ഇതുപോലൊരു കേസുണ്ടായി. അന്ന് ഷാജ് കിരണ്‍ എന്നയാള്‍ ഇടനിലക്കാരനായി ഇടപെടുകയായിരുന്നു. ഷാജ് കിരണ്‍ അതു നിഷേധിച്ചെങ്കിലും രണ്ടു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അയാളുമായി മണിക്കൂറുകള്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്‍ ഇടനിലക്കാരനെ ഇടപെടുത്തിയതാണെന്നു അന്നു വ്യക്തമായാണ് – സതീശന്‍ പറഞ്ഞു.

സ്വപ്നയെ പ്രഥമികമായി അവിശ്വസിക്കേണ്ട കാര്യമില്ല. സ്വപ്‌ന പറയുന്നതു തെറ്റെങ്കില്‍ എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നേരത്തെയും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുവരെ ഒരു അപകീര്‍ത്തി കേസ് പോലും കൊടുത്തില്ല. പകരം കള്ളക്കേസെടുക്കുകയാണ് ചെയ്തത്. ഇവര്‍ക്ക് സ്വപ്നയെ പേടിയാണ്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയും എന്ന ഭയമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടാമതും ജയിലിലാണ്. അഡീഷനല്‍ സെക്രട്ടറിയെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നു. അപ്പോള്‍ കൂടുതല്‍ വിവരങ്ങളുള്ള സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. – സതീശന്‍ പറഞ്ഞു.