കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്

കെഎസ്ആർടിസി കണ്ടക്ടർക്ക് ജപ്തി നോട്ടീസ്. ആലപ്പുഴ കലവൂര്‍ സ്വദേശി രാജീവ് കുമാറിനാണ് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയത്. ഇയാളുടെ ശമ്പളത്തില്‍ നിന്ന് ഹരിപ്പാട് ഡിപ്പോ വായ്പാ തുക പിടിച്ചിരുന്നു.

പക്ഷേ, കഴിഞ്ഞ അഞ്ച് മാസവും ഈ തുക ബാങ്കില്‍ അടച്ചില്ല. ഇതേത്തുടര്‍ന്നാണ് ബാങ്കിന്‍റെ നടപടി. രണ്ടാഴ്ചക്കുള്ളില്‍ വായ്പ തുക മുഴുവന്‍ അടക്കണമെന്നാണ് ബാങ്കിന്‍റെ നിര്‍ദ്ദേശം. പണമില്ലാത്തത് കൊണ്ടാണ് വായ്പ അടയ്ക്കാതിരുന്നത് എന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ന്യായീകരണം.

തുടക്കത്തിൽ ബാങ്കിൽ നേരിട്ടായിരുന്നു പണം അടച്ചത്. പിന്നീട് ശമ്പളം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ അടവ് മുടങ്ങാൻ തുടങ്ങി. ഇതോടെ ബാങ്ക് നേരിട്ട് കെഎസ്ആർടിസി ഡിപ്പോ വഴി ശമ്പളത്തിൽ നിന്നു വായ്പ തിരിച്ചുപിടിക്കാൻ കത്തു നൽകി. എന്നാൽ കഴിഞ്ഞ 5 മാസമായി ഡിപ്പോയിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും അതിനാൽ വായ്പ തുക മുഴുവൻ 15 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ബങ്ക് നോട്ടിസ് അയച്ചു.