ഭർത്താവ് പ്രവാസി, നേരിൽ കാണണം, ശബ്ദ സന്ദേശമയച്ച് സ്ത്രീയാണെന്ന് വിശ്വസിപ്പിക്കും, ഫിനിക്സ് കപ്പിൾസിന്റെ തട്ടിപ്പിങ്ങനെ

പാലക്കാട് ഹണി ട്രാപ്പുകേസിൽ അറസ്റ്റിലായ കൊല്ലം സ്വദേശിനി ദേവുവും ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും സൈബർ ലോകത്തെ മിന്നും താരങ്ങളായിരുന്നു. സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്‌സ് കപ്പിൾസ് എന്നായിരുന്നു. ഈ പേരിൽ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുമുണ്ട്.

ഇപ്പോളിതാ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളുവെന്നും പറഞ്ഞായിരുന്നു സംഘം വ്യവസായിക്ക് സന്ദേശങ്ങൾ അയച്ച് പരിചയപ്പെട്ടത്. ഇതിനൊടുവിലാണ് നേരിൽ കാണണമെന്നാവശ്യപ്പെട്ട് യാക്കരയിലെത്തിക്കുന്നത്.

ഫിനിക്സ് കപ്പിൾസ് എന്ന ഐഡിയിലൂടെയാണ് ഇവർ ആരാധകരെ സൃഷ്ടിച്ചത്. 61,000ത്തിലധികം ഫോളേവേഴ്സാണ് ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. പ്രമോഷൻ വീഡിയോകളും മറ്റുമായി ശ്രദ്ധനേടിയ ദേവുവിനെ ഉപയോഗിച്ചാണ് സംഘം വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നത്. വ്യാജ ഐഡി ഉപയോഗിച്ച് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് ഇവർ വ്യവസായിയെയും കെണിയിൽ വീഴ്ത്തിയത്.

ഭർത്താവ് ഗൾഫിലാണ്, വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളു തുടങ്ങിയ നുണകളിലൂടെയാണ് ഇവർ ചാറ്റ് ചെയ്ത് വ്യക്തികളുമായി അടുപ്പം സ്ഥാപിക്കുക. ദേവു ശബ്ദ സന്ദേശങ്ങളയച്ച് ചാറ്റ് ചെയ്യുന്നത് സ്ത്രീയാണെന്ന വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പാലക്കാട് എത്തിയ വ്യവസായി ഒലവക്കോട് വെച്ചാണ് യുവതിയെ കണ്ടുമുട്ടിയത്. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങൾ പറഞ്ഞ് രാത്രി വരെ നഗരത്തിൽ നിർത്തി. തുടർന്ന് വീട്ടിലേക്ക് ക്ഷണിച്ചു. യാക്കരയിലെ വീട്ടിലെത്തിയതോടെ സംഘത്തിലെ മറ്റുള്ളവർ സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ഇറങ്ങി ഓടുന്നത്. എടിഎമ്മിൽ നിന്ന് കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

യുവതിയും മറ്റ് അഞ്ചു പേരും ചേർന്ന് വ്യവസായിയെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഇവർ ഇയാളുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കി. കൊടുങ്ങല്ലൂരിലെ ഒരു ഫ്‌ളാറ്റിലെത്തിച്ച് കൂടുതൽ തട്ടിപ്പിനും ഇവർ ആസൂത്രണം ചെയ്തു. തുടർന്ന് ഈ ഫ്‌ളാറ്റിലേക്ക് മാറ്റുന്നതിനിടെ വ്യവസായി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. തക്കം നോക്കി ഓടി രക്ഷപ്പെട്ട ഇയാൾ പാലക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഒത്തുതീർപ്പിനും പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ വ്യവസായി വഴങ്ങിയില്ല. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടെ കാലടിയിലെ ഒരു ലോഡ്ജിൽ നിന്ന് ആറ് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.