മിസ്ഡ് കോളിലൂടെ പരിചയം, നേരില്‍ കണ്ടപ്പോള്‍ നഗ്നനാക്കി ഒപ്പം നിര്‍ത്തി ചിത്രമെടുത്തു, ഹണിട്രാപ്പ് സംഘത്തെ നയിക്കുന്നത് യുവതി

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ആളെ വിളിച്ചു വരുത്തി നഗ്നനാക്കി സ്ത്രീക്കൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുപത്തിയ സംഘത്തെ പോലീസ് പിടികൂടി. യുവതി അടക്കം ഏഴ് പെരാണ് പിടിയിലായത്. യുവാവിന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം ഭീഷണിപ്പെടുത്തിയിരുന്നത്. യുവാവിന്റെ പരാതിയില്‍ പോലീസ് കെണിയൊരുക്കി സംഘത്തെ വലയിലാക്കുകയായിരുന്നു.

കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവാവും സ്ത്രീയും മിസ്ഡ് കോളിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നിരന്തരം ഫോണ്‍ ചെയ്യുകയും പരിചയത്തിലാവുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്ത്രീയും സംഘവും യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പോലീസിന് ലഭിച്ച പരാതി.

കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് യുവതിയുടെ മിസ്ഡ് കാള്‍ വന്നു. അങ്ങനെ ഇരുവരും ഫോണിലൂടെ പരിചയക്കാരായി. ഒരിക്കല്‍ നേരില്‍ കാണെണമെന്ന് യുവതി ആവശ്യപ്പെട്ടു. നേരത്തെ തീരുമാനിച്ച രീതിയില്‍ കഴിഞ്ഞ 12ന് ചങ്കുവെട്ടി ജംഗ്ഷനില്‍ എത്തിയ യുവാവിന്റെ കാറില്‍ യുവതി കയറി. എന്നാല്‍ ഈ സമയം യുവതിക്ക് ഒപ്പമുള്ളവര്‍ ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നിരുന്നു. വഴിയില്‍ വെച്ച് കാര്‍ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. ഈ സമയം യുവതിയുടെ കൂട്ടാളികള്‍ കാറിലേക്ക് ബലം പ്രയോഗിച്ച് കയറി.

പിന്നീടാണ് യുവതിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അഞ്ച് ലക്ഷം രൂപ നല്‍കണം അല്ലെങ്കില്‍ നഗ്ന ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിരന്തര വിലപേശലിന് ഒടുവില്‍ അമ്പതിനായിരം രൂപയില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ധാരണയിലെത്തി. തുടര്‍ന്നാണ് പണം നല്‍കാമെന്ന വ്യാജേന കൊണിയൊരുക്കി പോലീസ് സംഘത്തെ പിടികൂടിയത്.

കൊണ്ടോട്ടി സ്വദേശി ഫസീല (40), കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വിട്ടില്‍ മുബാറക്ക്(32), തൈവളപ്പില്‍ വീട്ടില്‍ സുദിന്‍(30), പാറശ്ശേരി സ്വദേശി കളത്തിപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം(28), പുളിക്കല്‍ സ്വദേശികളായ പേരാ പറമ്പില്‍ വീട്ടില്‍ നിസാമുദ്ദീന്‍(26), മാട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ്(36), മംഗലം സ്വദേശി പുത്തന്‍ പുരയില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ്(30) എന്നിവരാണ് പിടിയിലായത്. സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമും കോട്ടക്കല്‍ പോലീസും ചേര്‍ന്നാണ് സംഘത്തെ വലയിലാക്കിയത്.