ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം, ഒരെണ്ണം ഇന്ത്യൻ കപ്പലെന്ന് സൂചന

ചെങ്കടലിൽ ഇന്ത്യയിലേക്ക് പോയ കപ്പലുൾപ്പെടെ രണ്ടെണ്ണം ഹൂതി ഡ്രോൺ ആക്രമണത്തിന് ഇരയായി. യെമൻ തുറമുഖമായ ഹൊഡെയ്‌ഡയുടെ പടിഞ്ഞാറ് ചെങ്കടലിൻ്റെ തെക്ക് ഭാഗത്താണ് ആദ്യത്തെ ആക്രമണം നടന്നത്, കപ്പലിൻ്റെ ജനാലകൾക്ക് “ചെറിയ കേടുപാടുകൾ” വരുത്തിയതായി ബ്രിട്ടീഷ് സൈന്യത്തിൻ്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പറഞ്ഞു. ബാർബഡോസ് പതാകയുള്ള യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രെ തിരിച്ചറിഞ്ഞു. കപ്പലിൽ ആർക്കും പരിക്കില്ല,ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതിയും രംഗത്ത് വന്നിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടുമണിയോടെയും നാലരയോടെയും വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടായി. യുകെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ എം.വി.മോണിങ് ടൈഡാണ് മിസൈലാക്രമണം നേരിട്ട മറ്റൊരു കപ്പൽ. ഹൂതികൾ തൊടുത്ത മൂന്നു മിസൈലുകളും കപ്പലിന് സമീപത്തായി കടലിൽ പതിച്ചുവെന്ന് സൈന്യം വ്യക്തമാക്കി. കപ്പലിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും യാത്ര തുടരുകയാണെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ മുതലാണ് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം ആരംഭിച്ചത്. പലസ്തീന് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആക്രമണങ്ങളുടെ തുടക്കം. ആരംഭത്തിൽ ഇസ്രയേൽ കപ്പലുകളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.