‘ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതിരിക്കുന്നതെങ്ങനെ? എന്റെ സ്വപ്നം’

‘ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതിരിക്കുന്നതെങ്ങനെ? എന്റെ സ്വപ്നം’ എന്ന അടിക്കുറിപ്പോടെ ഖുശ്‌ബു ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. അരവിന്ദ് സ്വാമിയുമായി ചേർന്ന് നിൽക്കുന്ന മൂന്നു ഫോട്ടോകളാണ് ഖുശ്‌ബു പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.’അലൈപ്പായുതേ’യിൽ ഇരുവരും അതിഥി വേഷം ചെയ്തിരുന്നതാണ്.

മലയാളത്തിന്റെ മമ്മൂട്ടി കഴിഞ്ഞാൽ, തെന്നിന്ത്യൻ സിനിമയിൽ പ്രായം പിന്നിലോട്ടു കൊണ്ട് പോയ്കൊണ്ടിരിക്കുന്ന രണ്ടു താരങ്ങളാണ് നടൻ അരവിന്ദ് സ്വാമിയും നടി ഖുശ്‌ബുവും എന്ന് വേണം പറയാൻ. പ്രായം അൻപത് പിന്നിട്ടപ്പോൾ നടത്തിയ രണ്ടാം വരവിൽ അരവിന്ദ് സ്വാമി പൂർവാധികം സുന്ദരനായിരിക്കുന്ന. രണ്ടാം വരവിൽ മലയാളത്തിലും അരവിന്ദ് സ്വാമി ഒരു കൈ നോക്കി. ‘ഒറ്റ്’ എന്ന സിനിമയിലെ വേഷത്തിലൂടെയായിരുന്നു അത്.

‘ഒറ്റ്’ സിനിമയിലെ അണ്ടർവേൾഡ് ഡോണിന്റെ അരവിന്ദ് സ്വാമി വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ‘ഒറ്റ്’. എന്നാൽ അരവിന്ദ് സ്വാമിയുടെ പ്രഭാവത്തിൽ ആരാധകർ മാത്രമല്ല, താരങ്ങളും ആകൃഷ്‌ടരാവും എന്നതിന്റെ തെളിവാണ് നടി ഖുശ്‌ബു പങ്കിട്ട ഈ ചിത്രങ്ങൾ എന്നും പറയണം.

നടന്മാരായ പ്രഭു, ശരത്കുമാർ എന്നിവരുമായും ഖുശ്‌ബു കുറച്ചുനാൾ മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. ഈ വർഷം തനിക്ക് കാൽമുട്ടിന് പരിക്ക് പറ്റിയ വിവരം ഖുശ്‌ബു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാലും യാത്രകൾ ഒഴിവാക്കാൻ സാധിക്കില്ല എന്ന് പറയുന്നതായിരുന്നു പോസ്റ്റ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെങ്കിലും, ‘അണ്ണാത്തെ’ എന്ന രജനികാന്ത് സിനിമയിലൂടെ ഖുശ്‌ബു മടങ്ങി വരവ് നടത്തുകയാണ് ഉണ്ടായിരിക്കുന്നത്. ശരീരഭാരം കുറച്ച് വമ്പൻ മേക്കോവറും അവർ നടത്തുകയുണ്ടായി.