സര്‍ക്കാര്‍ വേട്ടയാടുന്നു; സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസില്‍ നിന്നും പുറത്താക്കി. സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് മുതല്‍ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആര്‍ഡിഎസ് പറയുന്നു. എച്ച്ആര്‍ഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശം പരാതിയായി പരിഗണിച്ചാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ എച്ച്ആര്‍ഡിഎസ് പറയുന്നു.

അതേസമയം സ്ഥാപനത്തിന്റെ ഉപദേശക സമിതിയില്‍ സ്വപ്ന തുടരും. സ്വപ്ന സുരേഷിനൊപ്പം പ്രതിയാക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഐഎഎസിനെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ച് ഉന്നത പദവിയില്‍ ജോലി നല്‍കി. അതുകൊണ്ട് സ്വപ്നയ്ക്ക് ജോലി നല്‍കുന്നതില്‍ തെറ്റില്ല എന്ന് കരുതിയെന്ന് എച്ച്ആര്‍ഡിഎസ് പറഞ്ഞു.

കേസില്‍ പ്രതിയായ ശിവശങ്കര്‍ സര്‍വീസില്‍ പ്രവേശിക്കുകയും പൊതുഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. എച്ച്ആര്‍ഡിഎസ് സ്വന്തം ഫണ്ടില്‍ നിന്നാണ് സ്വപ്നയ്ക്ക് ശമ്പളം നല്‍കുന്നത്. സര്‍ക്കാര്‍ ഭരണസംവിധാനങ്ങളായ പോലീസിനേയും വകുപ്പുകളേയും ഉപയോഗിച്ച് വൈരാഗ്യബുദ്ധിയോടെയുള്ള പ്രതികാര നടപടികളില്‍ എച്ച്ആര്‍ഡിഎസ് അടിയറവ് പറയുകയാണ്. സര്‍ക്കാരിന്റെ അന്യായമായ ദ്രോഹനടപടികള്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും എച്ച്ആര്‍ഡിഎസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.