‘ഹൃദയം’ റീമേക്കിന് ഒരുങ്ങുന്നു; ഹിന്ദി, തമിഴ്, തെലുങ്ക് റൈറ്റ്‌സ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി. ഹൃദയത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കരണ്‍ ജോഹറും ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചു.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

വിശാഖ് സുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍:

ഹൃദയം സിനിമയുടെ ഹിന്ദി, തെലുങ്ക്, തമിഴ് റീമേക്ക് അവകാശം ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും നേടിയ വിവരം വളരെ അധികം സന്തോഷത്തോടെ ഞാന്‍ അറിയിക്കുന്നു. ധര്‍മ്മ എന്ന കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി തന്നതിന് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റ് മാധാവന്‍ സാറിന് നന്ദി പറയുന്നു. മാധവന്‍ സാര്‍ എന്നും എനിക്ക് വലിയ പിന്തുണയായി നിന്നിട്ടുണ്ട്.

ഞാന്‍ എപ്പോഴും മാതൃകയായി നോക്കി കാണുന്ന സ്ഥാപനമാണ് ധര്‍മ്മ. ഒരു സിനിമയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ലോഗോ കാണുമ്പോള്‍ തന്നെ എന്റെ മുഖത്ത് സന്തോഷം വരും. ഇന്ന് എന്റെ സിനിമയുടെ റീമേക്ക് അവകാശം രണ്ട് പ്രശസ്തമായ ബാനറുകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സ്വപനം സത്യമായതിന് തുല്യമാണ്.