മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്‍കാന്‍ നിര്‍ദ്ദേശം

അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പാനല്‍ അടിയന്തരമായി രൂപീകരിക്കണമെന്ന് കമ്മീഷന്‍ എറണാകുളം ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ബിനാനി പുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത 711/20 െ്രെകം കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് റൂറല്‍ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു.

പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന രാജ്‌നന്ദിനി ദമ്പതികളുടെ ഏക മകന്‍ പൃഥിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. ആറ് മണിക്കൂറിനിടെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. ആലുവ ജില്ലാ ആശുപത്രിയിലും, എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളെജിലുമാണ് കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചത്.

വിഴുങ്ങിയ നാണയം തനിയെ പുറത്തുപൊയ്‌ക്കോളുമെന്നു പറഞ്ഞു മൂന്നു ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ഇവരെ പറഞ്ഞയക്കുകയായിരുന്നു. കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് എത്തിയതിനാലാണ് നിരീക്ഷണത്തില്‍ വയ്ക്കാതെ ആലപ്പുഴ ആശുപത്രിയിലെ അധികൃതര്‍ തിരിച്ചയച്ചതെന്നും ആരോപണമുണ്ട്. മരണശേഷമുള്ള കുഞ്ഞിന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു.

സംഭവത്തില്‍ മൂന്ന് ആശുപത്രികളിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവിട്ടിരുന്നു. കൂടാതെ, അന്വേഷിച്ച് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും ആരോഗ്യ സെക്രട്ടറിയോട് ആരോഗ്യ മന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചിരുന്നു.

അതേസമയം തങ്ങള്‍ക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ കമ്മീഷനെ അറിയിച്ചു. തൊണ്ടയിലോ ശ്വാസനാളത്തിലോ തങ്ങാതെ നാണയം വയറ്റിലെത്തിയാല്‍ വിസര്‍ജ്ജന വേളയില്‍ അത് പുറത്തുപോകാന്‍ സമയം നല്‍കുകയാണ് ചെയ്യുക. ചികിത്സാപിഴവല്ല കുട്ടിയുടെ മരണത്തിനു കാരണമെന്നും നാണയം ആമാശയത്തിലാണെന്ന് എക്‌സ്‌റേയില്‍ വ്യക്തമായിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.