കോഴിക്കോട് മൂന്ന് സ്ത്രീകള്‍ അടക്കം അഞ്ച് പേര്‍ പെണ്‍വാണിഭത്തിന് അറസ്റ്റില്‍

കോഴിക്കോട്: വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് ചേവരമ്പലത്ത് നിന്നുമാണ് സംഘത്തെ പിടികൂടിയത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണേ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സംഘം കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയില്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നു. നരിക്കുനം സ്വദേശിയായ ഷഹീം എന്ന വ്യക്തിയാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. വീടിന്റെ മുകള്‍ നിലയിലാണ് പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വീട് വാടകയ്‌ക്കെടുത്ത ഷഹീം മുന്‍പും നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഇങ്ങനെ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെയെത്തിയ ആളുകളെപ്പറ്റിയുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് പറയുന്നു.