ദമ്പതികൾ വളർത്തുന്ന കാളയുടെ കുത്തേറ്റ് ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

കോട്ടയം . വാഴൂരിൽ കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ചാമംപതാൽ കന്നുകുഴിയിൽ ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്. ഭാര്യ ഡാര്‍ലിക്കും കാളയുടെ കുത്തേറ്റു. പരിക്കേറ്റ ഡാര്‍ലിയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ്. ഡാര്‍ലിയുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ആയിരുന്നു കാളയുടെ ആക്രമണം. വീട്ടില്‍ വളര്‍ത്തിയ കാളയ്ക്ക് വെള്ളം കൊടുക്കാന്‍ ചെല്ലുമ്പോഴാണ് റെജിക്ക് കുത്തേൽക്കുന്നത്. റെജിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഡാര്‍ലിക്കും കുത്തേൽക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റെജിയുടെ ജീവൻ രക്ഷിക്കാനായില്ല.

റെജിക്ക് നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ഡാര്‍ലിക്ക് കാലിലാണ് പരിക്കേറ്റത്. കാളയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നത്. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്.