ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മുന്‍ ഭര്‍ത്താവ് ജീവനൊ‌ടുക്കി

ഷിക്കാഗോ: വിവാഹമോചനത്തെക്കുറിച്ച്‌ സോഷ്യല്‍ മിഡയായില്‍ പരസ്യപ്പെടുത്തിയ ഷിക്കാഗോയിലെ പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) മുന്‍ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി.
തിങ്കളാഴ്ച വൈകുന്നേരമാണ് മുന്‍ ഭര്‍ത്താവ് റഹില്‍ ‌അഹമ്മദ് (36) ജോര്‍ജിയായില്‍നിന്നും സാനിയയുടെ അര്‍പ്പാര്‍ട്ടുമെന്‍റിലെത്തിയത്. തുടര്‍ന്നു ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും റഹില്‍ സാനിയയ്ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു.
ഈ സമയം സമീപത്തുള്ള ആരോ ശബ്ദം കേട്ട് പോലീസിനെ വിവരം അറിയിച്ചതിനെതുടര്‍ന്നു പോലീസെത്തിയപ്പോള്‍ അപ്പാര്‍ട്ടുമെന്‍റില്‍നിന്നും വീണ്ടും വെടിയൊച്ച കേട്ടു. തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ റഹില്‍ അഹമ്മദിനെ ഗുരുതരമായ പരിക്കുകളോടെ വാതിലിനു സമീപവും സാനിയയെ തലയ്ക്കും കഴുത്തിനും വെടിയേറ്റു മരിച്ച നിലയില്‍ ബഡ്റൂമിലും കണ്ടെത്തുകയായിരുന്നു. അഹമ്മദിനെ നോര്‍ത്ത് വെസ്റ്റേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വിവാഹ ജീവിതത്തില്‍ തനിക്ക് അനുഭവിക്കേ‌ണ്ടിവന്ന ദുരിതങ്ങള്‍ ടിക്‌ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിക്കാന്‍ ഇടയാക്കിയതെന്നുവേണം കരുതാന്‍. 2021 ജൂണിലാണ് ചാറ്റിനോഗയില്‍നിന്നുള്ള പ്രഫഷണല്‍ ഫോട്ടോ ഗ്രാഫറായ സാനിയ ഷിക്കാഗോയിലേക്ക് താമസം മാറ്റിയത്.