ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം. വീടിന്റെ മുകളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം വാഴക്കാട് സ്വദേശിയായ നജ്മുന്നീസയെ വീടിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഭര്‍ത്താവ് മുഹിയുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് തന്നെയാണ് ഭാര്യ മരിച്ച വിവരം പോലീസില്‍ അറിയിച്ചതും.

ടെറസില്‍ വെച്ച് നജ്മുന്നീസയും മുഹിയൂദ്ദീനുമായി തര്‍ക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഭര്‍ത്താവിനെ രഹസ്യമായി നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഭാര്യ വീടിന്റെ ടെറസിന് മുകളില്‍ കയറിയത്. ഇവിടെ വെച്ച് ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സ്വന്തം വീട്ടിലേക്ക് പോയ നജ്മുന്നീസ രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയെന്നാണ് മുഹിയുദ്ദീന്‍ അറിയിച്ചത്. തുടര്‍ന്ന് വീടിന്റെ പിന്നിലെ കോവിണിയിലൂടെ ഇവര്‍ വീടിന്റെ മുകളില്‍ കയറുകയായിരുന്നു. തന്നെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഭാര്യ എത്തിയതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. വീടിന്റെ മുകളില്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് നജ്മുന്നീസയെ കണ്ടത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.