ഞാനിന്നും മുസ്ലീം, ഭര്‍ത്താവ് മതം മാറാന്‍ പറഞ്ഞിട്ടില്ല; ചിലരാണ് പ്രശ്‌നമുണ്ടാക്കുന്നത് – ഖുശ്ബു സുന്ദര്‍.

ചെന്നൈ. മുസ്ലീമായാണ് താന്‍ ജനിച്ചതെന്നും ഇന്നും മതവിശ്വാസി തന്നെയാണെന്നും നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സുന്ദര്‍. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഖുശ്ബു സുന്ദറിന്റെ ഈ വെളിപ്പെടുത്തല്‍. അതേസമയം മുസ്ലീമിനെ പോലെ ഹിന്ദുമതവും താന്‍ പിന്തുടരുന്നുണ്ട് – ഖുശ്ബു പറഞ്ഞു.

 

‘മുസ്ലിമായാണ് ഞാന്‍ ജനിച്ചത്. നിറയെ ഹിന്ദുക്കള്‍ വസിക്കുന്ന സ്ഥലത്താണ് താന്‍ വളര്‍ന്നത്. പരമ്പരാഗത മുസ്ലിം കുടുംബത്തില്‍പ്പട്ടവള്‍ ആയിരുന്നു. വിനായക ചതുര്‍ത്ഥിയും ദീപാവലിയും ഞങ്ങൾ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു – ഖുശ്ബു പറഞ്ഞു. ഗണേശ ഭഗവാനാണ് എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള ഹിന്ദു ദേവന്‍. ഞാനദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്. ഇന്ന് എന്റെ വീട്ടില്‍ ധാരാളം ഗണേശ വിഗ്രഹങ്ങള്‍ ഉണ്ട്. അതേസമയം ഞാൻ മുസ്ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല’ – ഖുശ്ബു വ്യക്തമാക്കി.

‘മുസ്ലീം മതാഘോഷങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്. ഉമ്മയും ഞാനുമായി കാണുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്ന് പറഞ്ഞാണ്. ഞങ്ങള്‍ ഒരിക്കലും മുസ്ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. എന്നാല്‍ രണ്ടും സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കും’ – ഖുശ്ബു പറഞ്ഞു.

എന്റെ കുട്ടികള്‍ പെരുന്നാളും ദീപാവലിയും ഒരേ വീര്യത്തോടെ ആണ് ആഘോഷിക്കാറുള്ളത്. ഭര്‍ത്താവ് ഒരിക്കലും എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചിട്ടില്ല. സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവര്‍ ഞങ്ങളുടെ കുടുംബത്തില്‍ വേറെയുമുണ്ട്. ഈ പങ്കാളികളെയും മതം മാറാന്‍ ആരും നിര്‍ബന്ധിക്കാറില്ല – ഖുശ്ബു പറഞ്ഞിരിക്കുന്നു.

തന്റെ രണ്ട് സഹോദരങ്ങള്‍ അമുസ്ലിങ്ങളെയാണ് വിവാഹം ചെയ്തത്. ഒരാള്‍ ഇന്തോനേഷ്യന്‍ ഹിന്ദുവിനെയും മറ്റൊരാള്‍ ക്രിസ്ത്യാനിയെയും ആണ് വിവാഹം കഴിച്ചത്. ഭര്‍ത്താവ് റമസാനും പെരുന്നാളും ഒരുപോലെ ആഘോഷിക്കാറുണ്ട്. അതേസമയം ഹിന്ദുക്കളും മുസ്ലിങ്ങളുമായി ജീവിക്കുന്ന ധാരാളം പേര്‍ രാജ്യത്തുണ്ട്. ചിലര്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് – ഖുശ്ബു പറഞ്ഞു. മുംബൈയിലെ വെര്‍സോവയില്‍ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിക്കുന്നത്. നഖാത് ഖാന്‍ എന്നായിരുന്നു ആദ്യത്തെ പേര്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഖുശ്ബു രണ്ട് വര്‍ഷം മുന്‍പാണ് ബി ജെ പിയിലെത്തിയത്.