അധികാരം എനിക്കാവശ്യമില്ല; ജനസേവനം മാത്രമാണ് എന്റെ ലക്‌ഷ്യം; പ്രധാനമന്ത്രി

തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാൽ മാത്രം മതിയെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാൻ ഭാരത് യോജനയുടെ ഒരു ഗുണഭോക്താവിനോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കർഷക ബില്ല് പിൻവലിച്ചതിനു ശേഷമുള്ള ആദ്യത്തെ മൻ കി ബാത്ത് ആയിരുന്നു ഇന്ന് നടന്നത്.

“വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിന്റെ പാതയിലാണ്. നമ്മുടെ യുവാക്കൾ തൊഴിലന്വേഷകർ എന്നതിനപ്പുറം തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിൽ 70 ൽ കൂടുതൽ യുണികോൺ സ്റ്റാർട്ടപ്പുകൾ ഉണ്ട്”- പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പുകളെയാണ് യൂണികോണുകൾ എന്ന് വിളിക്കുന്നത്.

1971 ലെ യുദ്ധത്തിൽ പാകിസ്താനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്പതാം വാർഷിക൦ ഡിസംബർ 16ന് നാം ആചരിക്കും. ഇന്ത്യൻ സൈനികരുടെ പ്രവർത്തനങ്ങളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രസംഗങ്ങളിലെന്നപോലെ ഇത്തവണയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതി തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.