സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത് 40,000 ലിറ്റര്‍ വെള്ളം; ഇടുക്കി ഡാം തുറന്നു

ഇടുക്കി: ഇടുക്കി ഡാം തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.9 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ഇടുക്കി ഡാമിനെ സംബന്ധിച്ച്‌ ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒക്ടോബര്‍ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടിരുന്നു. 2018 ല്‍ മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയില്‍ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയര്‍ന്നത്. ഇത്തവണ ഇതുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 26 വര്‍ഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റില്‍ ചെറുതോണി ഡാം തുറന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും ഒരു എത്തുംപിടിയും ഇല്ലായിരുന്നു. ഇന്ന് കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാണ്. മൂന്ന് കൊല്ലം മുമ്ബുണ്ടായത് അറിയാം. അതിനാല്‍ ജാഗ്രതയും കൂടുതലാണ്.

2018ല്‍ ഇടുക്കി തുറന്നപ്പോള്‍ പെരിയാര്‍ തീരത്തും തടയമ്ബാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബര്‍ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ മാത്രം തുറന്നു. ചെറുതോണിപ്പുഴയില്‍ അന്ന് വെള്ളം ഉയര്‍ന്നത് ഒരടിയോളം മാത്രം. 2021ലും രണ്ടു തവണ തുറക്കേണ്ടി വരുന്നു. ര്ണ്ടു തവണയും കാര്യമായ പ്രശ്‌നമൊന്നും ഉണ്ടായില്ല. എന്നല്‍ മഴ തിമിര്‍ത്ത് പെയ്യുന്നത് തുടര്‍ന്നാല്‍ അത് പ്രതിസന്ധിയാകും.

2021നു മുന്‍പു നാലു തവണ മാത്രമാണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അതില്‍ മൂന്നും ഒക്ടോബറില്‍. 1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ഓഗസ്റ്റ് ഒന്‍പത്, 2018 ഒക്ടോബര്‍ ആറിനുമാണ് മുന്‍പ് ചെറുതോണി അണക്കെട്ട് തുറന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച്‌ ഡാമാണ് ഇടുക്കി. വെള്ളത്തിന്റെ മര്‍ദ്ദം ഇരു ഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. കമാന ആകൃതിയില്‍, ചുവട്ടില്‍നിന്ന് ഉള്ളിലേക്കാണ് വളവ്. കുറവന്‍, കുറത്തി മലകളെ ബന്ധിപ്പിക്കുന്നു.

ഇടുക്കി തടാകത്തെ തടഞ്ഞുനിര്‍ത്തുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആര്‍ച്ച്‌ ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതില്‍ വെള്ളം പുറത്തേക്കുവിടാന്‍ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടില്‍ മാത്രമാണ്