ഡ്രൈവര്‍ പഞ്ച് ചെയ്‌താൽ പിന്നെ കബഡി കളി; സഹികെട്ടു ജീവനക്കാർക്ക് മൊത്തം മുന്നറിയിപ്പ്

തിരുവനന്തപുരം . ജോലിക്ക് ഹാജരാകാതെ സ്ഥിരം കബഡി കളിച്ചു നടന്നു മാസാമാസം കിറു കൃത്യമായി ശമ്പളം വാങ്ങി വന്ന ഉദ്യോഗസ്ഥന് വെറും താക്കീത് മാത്രം ശിക്ഷ. സെക്രട്ടറിയേറ്റിലെ ഭരണ പരിഷ്ക്കാര വകുപ്പിലെ ഡ്രൈവർക്കെതിരെ നടപടി എടുക്കാതെ സർക്കാർ. സിപിഎം അനുകൂല സംഘടനയായ കെ എസ് ഇ യുടെ സജീവ പ്രവർത്തകനെതിരെ നടപടിക്ക് പകരം ജീവനക്കാർക്കെല്ലാം മൊത്തത്തിൽ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അഡീഷണൽ ചീഫ് സെക്രട്ടറി. പഞ്ച് ചെയ്ത ശേഷം സ്ഥിരമായി ജോലിക്ക് ഹാജരാകാതെ സെക്രട്ടറിയേറ്റ് സ്പോര്‍ട്സുമായി നടക്കുകയായിരുന്നു ഒരു ഡ്രൈവർ. അന്വേഷണത്തിൽ ഡ്രൈവറുടെ പതിവ് കബഡി കളി കണ്ടെത്തുകയും ചെയ്തിരുന്നു.

വേണ്ടിവന്നാൽ ഇത്തരം ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കാനും മടിക്കേണ്ടതില്ലെന്നാണ് പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിമുക്ത ഭടനായ ഉദ്യോഗസ്ഥൻ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പില്‍ ഡ്രൈവറായി ജോലിക്ക് എത്തുന്നത്. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി തരപ്പെടുത്തിയ ഇയാൾ രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം വഴി ജോലിയില്‍ സ്ഥിരപ്പെടുകയായിരുന്നു.

ഡ്രൈവർ ജോലിയില്‍ സ്ഥിരപ്പെട്ടതോടെ സിപിഎം അനുകൂല സംഘടന കെഎസ്ഇഎയുടെ സജീവ പ്രവര്‍ത്തകനായി മാറി. അവരുടെ കായിക വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് ആണിപ്പോൾ ഡ്രൈവർ. കബഡിയാണ് കായിക ഇനം എങ്കിലും ഏത് സ്പോര്‍ട്സ് മീറ്റ് നടന്നാലും അതിന്റെ പരിശീലകനായും പങ്കാളിയായും ഇയാളെ സംഘടന നിയോഗിക്കുകയാണ് പതിവ്. പല ദേശീയ മീറ്റുകളിലും സെക്രട്ടറിയേറ്റ് സ്പോര്‍ട്സ് വിഭാഗത്തിന്റെ പരിശീലകനായി ഇയാൾ പോകും. യൂണിയൻ ആവശ്യങ്ങൾക്ക് ഓടിനടക്കുന്നതിനാൽ ഡ്രൈവർ പണി ചെയ്യാറേയില്ല. ഇയാളുടെ കൊള്ളരുതായ്മകൾ കുറിച്ച് പല കായിക താരങ്ങളും പരാതിപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം കൊണ്ട് ഡ്രൈവർ എല്ലാം ഒതുക്കി.

ദീര്‍ഘകാലമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിൽ ഡ്രൈവർ ആയ ഇയാൾക്കെതിരെ നിരവധി പരാതികള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെങ്കിലും എല്ലാം വെസ്റ്റ് ബോക്സിലേക്ക് തെറിച്ചു. മാസത്തില്‍ ഒരു ദിവസം പോലും ഈ ഡ്രൈവറുടെ സേവനം സർക്കാരിന് ലഭിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ഉദ്യോഗസ്ഥര്‍ പരാതി നൽകിയിരുന്നു. എന്നാൽ യൂണിയൻ സ്വാധീനം ഡ്രൈവർ എല്ലാം മറികടക്കുകയാണ് പതിവ്.

‘ഇലയ്ക്കും മുള്ളിനും കേടില്ലാതെ കീഴ്ജീവനക്കാരെല്ലാം ജോലി ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കൃത്യവിലോപം കാണിക്കുന്നവരുടെ ശമ്പളം തടഞ്ഞു വയ്ക്കാന്‍ മേലുദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും’ പൊതുവിൽ വ്യക്തമാക്കി പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കുമായി ഇപ്പോൾ കത്ത് നല്‍കിയിരിക്കുകയാണ്.