സ്വപ്ന സുരേഷിന്റെ പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജേഷ് പിളള

ബെംഗളൂരു. സ്വപ്‌ന സുരേഷ് ജീവന് ഭീഷണിയുണ്ടെന്ന് നല്‍കിയ പരാതിയില്‍ പ്രതിയായ വിജേഷ് പിള്ള ഒളിവിലാണെന്ന് കര്‍ണാടക പോലീസ്. വിജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുവാന്‍ കാട്ടി വാട്‌സാപ്പില്‍ നോട്ടീസ് അയച്ചുവെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കുന്നു. അതേസമയം നോട്ടീസിനോട് വിജേഷ് പ്രതികരിച്ചിട്ടില്ലെങ്കില്‍ കേരള പോലീസിന്റെ സഹായം തേടുമെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കുന്നു.

അതേസമയം താന്‍ ഒളിവിലല്ലെന്നും അന്വേഷണത്തോട് സഹകരക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. ഫോണ്‍ ഓഫ് അല്ല. പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പറയുന്നു. സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന് ക്രിമിനല്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് കേസ്. കഴിഞ്ഞ നാലിന് വിജേഷുമായി കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സ്വപ്‌ന സുരേഷിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അടിസ്ഥാനപരമായി ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടീസില്‍ പറയുന്നു.

നിയമനടപടികളുമായി മുന്നോട്ട് പോകാതിരിക്കണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെടുന്നു. ബെംഗളൂരുവിലെ ഹോട്ടലില്‍ വിജേഷ് പിള്ള എന്ന വ്യക്തി തന്നെ വിളിച്ച് വരുത്തി മുഖ്യമന്ത്രിക്കെതിരായ ആരോപണം പിന്‍വലിക്കണമെന്നും 30 കോടി വാഗ്ദാനം ചെയ്തുവെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.