തോട്ടപ്പള്ളിയിലെ അനധികൃത കരിമണൽ ഖനനം: സി പി ഐയും സി പി എമ്മും തമ്മിൽ പോര്.

 

ആലപ്പുഴ/ തോട്ടപ്പള്ളിയിലെ അനധികൃത കരിമണൽ ഖനന വിഷയത്തിൽ ഭരണകക്ഷിയിലെ സി പി ഐയും, സി പി എമ്മും തമ്മിൽ പോര്.
ഖനനം നല്ലതാണെന്നും നടക്കണമെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും, ഖനനം അനുവദിക്കില്ലെന്ന് പറഞ്ഞു എച്ച്.സലാം എംഎൽഎയും രംഗത്ത് വന്നിരിക്കുകയാണ്. മണലെടുപ്പ് സലാം തടഞ്ഞതിനെ ഫെയ്സ്ബുക്കിലൂടെ ആഞ്ചലോസ് കുറ്റപ്പെടുത്തുകയും, സലാമ് അതിനു മറുപടി പറയുന്നതുമൊക്കെ ഫേസ്ബുക്കിൽ തന്നെ.

ഫെയ്സ്ബുക്കിലൂടെ പരിഹസിച്ച സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന് എച്ച്.സലാം എംഎൽഎയുടെ മറുപടി നൽകിയിട്ടുണ്ട്. തോട്ടപ്പള്ളിയിലെ മണലെടുപ്പ് സലാം തടഞ്ഞതിനെ ഫെയ്സ്ബുക്കിലൂടെ ആഞ്ചലോസ് പരിഹസിക്കുകയായിരുന്നു. ‘മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനം’ എന്നായിരുന്നു ആഞ്ചലോസിന്റെ പോസ്റ്റ്. ഇതിനു മറുപടിയായി സലാം ആവട്ടെ ‘സിപിഐയുടെ ജില്ലാ സെക്രട്ടറിയായ മഹാനായ നേതാവിനോട് അനുവാദം ചോദിക്കാൻ കഴിഞ്ഞില്ല, ക്ഷമിക്കണേ സിംഹമേ’ എന്നും പോസ്റ്റിടുകയായിരുന്നു.

തുടർന്ന് ആഞ്ചലോസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ സലാം, സിപിഐ ജില്ലാ സെക്രട്ടറി പദവിയുടെ ഔന്നത്യം ഉയർത്തിപ്പിടിക്കണമെന്നും പറഞ്ഞു. തീരം സംരക്ഷിക്കാനാണ് മണലെടുപ്പ് തടഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വേണമെങ്കിൽ സ്വന്തം പാർട്ടിക്കാരനായ മന്ത്രി പി.പ്രസാദിനോട് ചോദിച്ചാൽ മതി. സർക്കാർ നിലപാടിനൊപ്പം നൽക്കുകയാണ് ടി.ജെ.ആഞ്ചലോസ് ചെയ്യേണ്ടതെന്നും സലാം പ്രതികരിക്കുകയുണ്ടായി.

കെഎംഎംഎൽ, ഐആർഎ എന്നിവയ്ക്കു വേണ്ടി തോട്ടപ്പള്ളിയിൽ കഴിഞ്ഞ കുറെ മാസങ്ങളായി പൊഴിമുറിച്ച് കരിമണൽ ഖനനം നടക്കുകയാണ്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് പൊഴിമുറിക്കുന്നത് അത്യാവശ്യമാണെന്ന നിലപാടിലാണ് ഇക്കാര്യത്തിൽ സർക്കാരും സി പി എമ്മും. അതേസമയം, സിപിഐയും കോൺഗ്രസും ഇതിനെ ഇരിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സലാമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം എത്തി മണല്‍ ഖനനം തടയുകയായിരുന്നു. ഇതിനു പിറകെയാണ് മണൽ ഖനനം തടഞ്ഞതു സംബന്ധിച്ച് ടി.ജെ.ആഞ്ചലോസ്, സലാമിനെ പരിഹസിക്കുന്നത്.